skip to main | skip to sidebar

.. അരൂപന്‍ ..

ഒന്നിനെക്കുറിച്ചും ഒരു രൂപവുമില്ല, എന്നാലും...

Pages

  • Home

Thursday, July 12, 2012

പട്ടിയെ കുളിപ്പിക്കാന്‍ പല വഴികള്‍.....


(നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌ : ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല, തികച്ചും യാഥാര്‍ഥ്യമാണ്.  അഥവാ ആര്‍ക്കെങ്കിലും മറിച്ചുതോന്നുന്നുവെങ്കില്‍ അത് അവരുടെ തെറ്റിദ്ധാരണ മാത്രമാണ്)
 Courtesy to :  http://www.desktop-wallpapers.org
 
കുളി - ദിവസം രണ്ടു തവണ കേരളീയര്‍ക്കും, ഒരു തവണ തമിഴന്‍മാര്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ ഒക്കെ ഉത്തരേന്ത്യര്‍ക്കും ഒഴിവാക്കാനാവാത്ത ഒന്നാണ്. (ഇതൊക്കെ കേട്ടുകേള്‍വിയാണേ, ദിവസവും കുളിക്കാത്ത മലയാളികളും ദിവസവും കുളിക്കുന്ന നോര്‍ത്തന്‍മാരും ഒക്കെയുണ്ടാവാം. അതുകൊണ്ട് ആരും കൊടുവാള്‍ എടുക്കരുത്).  ദിവസം ഒരിക്കലെങ്കിലും കുളിക്കാന്‍ മടി കാണിക്കുന്നവരെ നമുക്ക് കുളിമടിയന്‍മാര്‍ എന്ന് വിളിക്കാം.

കുളി പലതരമുണ്ട് – ഇത്തിരി വെള്ളത്തില്‍ നനഞ്ഞുകേറുന്ന കാക്കക്കുളി, ഒത്തിരി വെള്ളത്തിലെ മുങ്ങിക്കുളി, പിന്നെ അവസരവാദിക്കുളികള്‍, അതായത് പുലകുളി, കര്‍ക്കിടകക്കുളി, മാസക്കുളി....  കുളിക്കാന്‍ മടി കാണിക്കുന്ന കുട്ടികളാണെങ്കില്‍ തൊട്ടിക്കണക്കിന് വെള്ളംകോരി തലവഴി ഒഴിക്കാം. കിണറ്റിന്‍കരയില്‍ കെട്ടിയിട്ട് കുളിപ്പിക്കാം, കുളിപ്പിക്കുന്ന ആള്‍ക്കും ഒരു കുളി ബോണസ്.

എന്നാല്‍ കുളിക്കാന്‍ മടി കാണിക്കുന്ന പട്ടിക്കുട്ടികള്‍ ആണെങ്കിലോ? കുളിപ്പിക്കാനാണെന്ന് കണ്ടാല്‍ അടുത്ത പുരയിടത്തില്‍ പോയി നില്‍ക്കുന്ന കുളിമടിയന്‍ കുട്ടികള്‍? ചിലരൊക്കെ കൂട്ടില്‍ കയറ്റി കമ്പിയഴികള്‍ക്കിടയിലൂടെ ഹോസില്‍ വെള്ളം ചീറ്റി നനയ്ക്കും ആ വിരുതന്മാരെ. നനഞ്ഞുകുഴഞ്ഞുകഴിഞ്ഞാല്‍ പിന്നെ എന്തും വരട്ടേന്നു കരുതി സോപ്പ്‌ തേയ്ക്കാന്‍ അവര്‍ നിന്നുകൊടുക്കും.  ആകെ മുങ്ങിയാല്‍ നമുക്ക് മാത്രമല്ല അവര്‍ക്കും കുളിര് കാണില്ലെന്നേ...

പിന്നെ ചിലരുണ്ട്, കൂടൊന്നുമില്ലാത്തവര്‍.  അവരെ മഴപെയ്യുന്ന നേരം തുടലില്‍ മുറ്റത്തിറക്കി കെട്ടും. കുറെ കരച്ചിലും പല്ലുകടിയും ഓരിയിടലും ഒക്കെയുണ്ടായെന്നുവരും, എന്നാലും നനഞ്ഞല്ലാതെ വേറെ നിവൃത്തിയില്ലല്ലോ.

ഇനിയും ചിലരുണ്ട്, അതിബുദ്ധിമാന്മാര്‍.  അവരുടെ അടുത്ത് ഇതൊന്നും നടക്കില്ല.  എന്‍റെ അടുത്ത വീട്ടിലെ ബാവാക്കാടെ സുന്ദരന്‍ പട്ടി അതിലൊരാളാണ്.  ബാവാക്കാ വെറുതെ അവനൊരു പേരിട്ടതല്ല, സുന്ദരന്‍ പേര് പോലെതന്നെ സുന്ദരനാണ്, തികഞ്ഞ യജമാനഭക്തിയും സ്നേഹവുമുള്ളവന്‍.  എന്നാല്‍ മേല്‍പ്പറഞ്ഞ കുളിമടിയന്മാരില്‍ പ്രമുഖനും.  പഠിച്ച പണി പതിനെട്ടല്ല, ഇരുപത്തെട്ടും നോക്കിയിട്ടും നമ്മുടെ സുന്ദരനെ കുളിപ്പിക്കാന്‍ ബാവാക്കായെക്കൊണ്ട് സാധിച്ചില്ല.

ഇളംവെയിലുള്ള വൈകുന്നേരങ്ങളില്‍ തോര്‍ത്തും സോപ്പും ഒക്കെയായി ബാവാക്കാ അടുത്തുള്ള ആറ്റില്‍  കുളിക്കാന്‍ പോകും. യജമാനന്‍റെ പിന്നാലെ സുന്ദരനും പോകും, കുളി കഴിയുന്നതുവരെ കരയില്‍ കിടന്നു വെയില്‍കായും.  എത്രയൊക്കെ ശ്രമിച്ചിട്ടും സുന്ദരനെ വെള്ളത്തിലിറക്കാനോ, കുളിപ്പിച്ച് കൂടുതല്‍ സുന്ദരനാക്കാനോ ബാവാക്കായെക്കൊണ്ട് കഴിഞ്ഞില്ല.  സാമം, ദാനം, ഭേദം, ദണ്ഡമെല്ലാം കഴിഞ്ഞു, പക്ഷെ നോ രക്ഷ.  ഒടുവില്‍ ബാവാക്കാ ഒരു സൂത്രം കണ്ടുപിടിച്ചു.

ഒരു ദിവസം കുളിക്കാന്‍ ആറ്റിലിറങ്ങി മുങ്ങിയ ബാവാക്കാ പൊന്തിവന്നില്ല.  സുന്ദരന്‍ കരയില്‍ കാത്തിരുന്നു.  മുങ്ങിയ യജമാനനെ കാണാനില്ല.  ആദ്യം സുന്ദരന്‍ ഒന്നുരണ്ടുതവണ കുരച്ചു, ബാവാക്കാ ശ്വാസം പിടിച്ചുകിടന്നു.  സുന്ദരന് ടെന്‍ഷനായി.  അവന്‍ എണീറ്റുനിന്ന് വെള്ളത്തിലേയ്ക്ക് നോക്കി ഓരിയിട്ടു, കരഞ്ഞു.... ആളെ കാണുന്നില്ല.  തന്‍റെ ദൈവതുല്യനായ യജമാനന് എന്തോ ആപത്ത് പിണഞ്ഞെന്ന് അവനുറപ്പിച്ചു. പിന്നെ സംശയിച്ചില്ല, യജമാനനെ രക്ഷിക്കാന്‍ അവന്‍ ആറ്റിലേയ്ക്ക് എടുത്തു ചാടി.

പിടിച്ച ശ്വാസംവിട്ട് ബാവാക്കാ പൊന്തി.  സുന്ദരന് ആശ്വാസമായി.  തന്‍റെ യജമാനന് ഒരു കുഴപ്പവുമില്ല.  അവന്‍ അദ്ദേഹത്തിന്‍റെ അടുത്തെത്തി.  ങ്ങുര്‍...ങ്ങുര്‍...ന്ന് പരാതി പറഞ്ഞു, അവനെ പേടിപ്പിച്ചതിന്.  പിന്നെ ആ ആശ്വാസത്തില്‍ സോപ്പ്‌ തേയ്ക്കാനും കുളിപ്പിക്കാനും ഒക്കെ നിന്നുകൊടുത്തു.

ബാവാക്കാ ഇതൊരു തക്കമായി കണ്ടു, ഇടയ്ക്കിടെ ബാവാക്കാ ഇങ്ങനെ വെള്ളത്തില്‍ മുങ്ങിക്കിടക്കും, അന്നൊക്കെ സുന്ദരന്‍ സോപ്പുതേച്ചുകുളിച്ച് കൂടുതല്‍ സുന്ദരനാകും.  കുളിപ്പിക്കാന്‍ വേണ്ടി തന്നെ പറ്റിക്കുകയാണെന്ന് തോന്നിയാലും സുന്ദരന് ഏറെനേരം കാത്തിരിക്കാന്‍ വയ്യ, ബാവാക്കാ ആണെങ്കില്‍ ഏറെനേരം ശ്വാസമടക്കി മുങ്ങിക്കിടക്കാന്‍ വിദഗ്ദ്ധനും. അങ്ങനെ കുറെ നാള്‍ കഴിഞ്ഞു. 

ഒടുവില്‍ ബുദ്ധിമാന്‍ സുന്ദരന്‍ ഒരുപാട് ആലോചിച്ചാവണം ഒരു തീരുമാനത്തിലെത്തി....

ഇപ്പോള്‍ ബാവാക്കാ കുളിക്കാന്‍ പോകുമ്പോള്‍ എത്ര വിളിച്ചാലും സുന്ദരന്‍ കൂട്ട് പോവാറില്ല....!!!

ഡിസ്ക്ലെയിമര്‍ : ഏതെങ്കിലും കുളിമടിയന്‍ പട്ടിക്കുട്ടികളുടെ യജമാനന്മാര്‍ ബാവാക്കായുടെ തിയറി പരീക്ഷിക്കാന്‍ ശ്രമിച്ച് ശ്വാസംമുട്ടി മരിച്ചുപോയാല്‍ അവരുടെ മരണത്തില്‍ അരൂപന് കയ്യോ കാലോ പോയിട്ട് രോമം പോലും ഉണ്ടായിരിക്കുന്നതല്ല.
Email This BlogThis! Share to X Share to Facebook
Labels: എന്തരോ...എന്തോ

15 comments:

Nassar Ambazhekel said...

കഥ കലക്കി അരൂപാ. സാഹചര്യത്തിന്റെ 'ദുസ്വാധീനം' മൂലം പട്ടിക്കും മനുഷ്യനുമൊക്കെ പല പല മുഖങ്ങൾ മാറി മാറി വരുന്നു. അല്പം ചില 'ക്ലൂ'കൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഏതെങ്കിലും ഒന്നുറപ്പിക്കാമായിരുന്നു.

ഈ ബ്ലോഗിൽ കാണുന്ന നല്ല മലയാളത്തിന് അഭിനന്ദനങ്ങൾ.

July 12, 2012 at 1:38 PM
ഉദയപ്രഭന്‍ said...

ഇത്രയും വിവരം ഉള്ള പട്ടികള്‍ ഉണ്ടോ? എവിടെയാ സ്ഥലം? പോസ്റ്റ്‌ കലക്കി. ആശംസകള്‍.

July 12, 2012 at 3:52 PM
KOYAS KODINHI said...

ഒരു ദിവസം കുളിക്കാന്‍ ആറ്റിലിറങ്ങി മുങ്ങിയ ബാവാക്കാ പൊന്തിവന്നില്ല. സുന്ദരന്‍ കരയില്‍ കാത്തിരുന്നു. മുങ്ങിയ യജമാനനെ കാണാനില്ല. ആദ്യം സുന്ദരന്‍ ഒന്നുരണ്ടുതവണ കുരച്ചു, ബാവാക്കാ ശ്വാസം പിടിച്ചുകിടന്നു. സുന്ദരന് ടെന്‍ഷനായി. അവന്‍ എണീറ്റുനിന്ന് വെള്ളത്തിലേയ്ക്ക് നോക്കി ഓരിയിട്ടു, കരഞ്ഞു.... ആളെ കാണുന്നില്ല. തന്‍റെ ദൈവതുല്യനായ യജമാനന് എന്തോ ആപത്ത് പിണഞ്ഞെന്ന് അവനുറപ്പിച്ചു. പിന്നെ സംശയിച്ചില്ല, യജമാനനെ രക്ഷിക്കാന്‍ അവന്‍ ആറ്റിലേയ്ക്ക് എടുത്തു ചാടി.

July 12, 2012 at 3:57 PM
Admin said...

പട്ടിയോ മനുഷ്യനോ..?
ബാവക്കായും സുന്ദരനും തകര്‍ത്തു.
അവസാനത്തെ മുന്നറിയിപ്പും കൊള്ളാം..

July 12, 2012 at 4:21 PM
ajith said...

പട്ടിയെക്കുറിച്ചല്ലേ?
എനിക്കേറെയിഷ്ടം

July 12, 2012 at 10:18 PM
Mohiyudheen MP said...

വായിച്ചു...

പട്ടിയും, ബാവക്കയും കലക്കി

July 17, 2012 at 2:54 AM
Pradeep Kumar said...

സുന്ദരൻ പോസ്റ്റ്. ആസ്വദിച്ച് വായിക്കാനാവുന്നു....

July 17, 2012 at 11:12 PM
Pampally Director said...

ബൗ...ബൗ.....തകര്‍പ്പന്‍. അരൂപന്‍...താങ്കള്‍ എന്തായാലും മനസ്സുകൊണ്ട് വിരൂപനല്ല. സുന്ദരനാണ്....എഴുത്തിലെ കാഴ്ചപ്പാട് കൊള്ളാം.....ശ്രമിച്ചാല്‍ മറ്റൊരു വി.കെ.എന്‍ ആവാം....

July 18, 2012 at 10:50 PM
Unknown said...

അരൂപാ... വായിക്കാൻ നല്ല രസമായിരുന്നു കേട്ടോ

July 21, 2012 at 11:13 PM
Unknown said...


താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

August 22, 2012 at 12:07 PM
ഉസ്മാൻ കിളിയമണ്ണിൽ said...

ഇനി ബവാക്കയും സുന്ദരനും ഒരു കൂടുവിട്ട് കൂടുമാറൽ സന്ധിയിൽ ഏർപ്പെടട്ടെ,
അതിന് പക്ഷെ ബാവാക്ക വെയില് കായാൻ തയാറാവണം. സുന്ദരന്റെ കുളികഴിയുന്നത് വരെ...

October 6, 2012 at 6:00 AM
പ്രവീണ്‍ ശേഖര്‍ said...

its interesting ... i enjoyed ..

January 2, 2013 at 2:53 PM
സ്മിത said...

അരൂപ൯...........നല്ല പോസ്റ്റ്

March 2, 2013 at 7:50 PM
Akbar said...

ബാവാക്കയുടെ സ്നേഹത്തിൽ കുളിച്ചു കയറിയപ്പോൾ അവൻ ഒന്നൂടെ സുന്ദരനായി. ഇഷ്ടമായി ഈ അവതരണം.

May 7, 2013 at 10:28 AM
Prabhan Krishnan said...

അസ്സലായിരിക്കണൂ അരൂപോ. ഇഷ്ടായീട്ടോ..!!

September 28, 2013 at 3:23 PM

Post a Comment

Older Post Home

Blog Archive

  • ▼  2012 (6)
    • ▼  July (1)
      • പട്ടിയെ കുളിപ്പിക്കാന്‍ പല വഴികള്‍.....
    • ►  June (1)
    • ►  April (4)
Powered by Blogger.

About Me

My photo
.. അരൂപന്‍ ..
View my complete profile

Labels

  • എന്തരോ...എന്തോ (1)
  • തലതിരിഞ്ഞ ചിന്തകള്‍ (4)
  • നര്‍മ്മം (2)
  • പ്രതികരണം (1)

Followers

Total Pageviews

ജാലകം
 
Copyright (c) 2010 .. അരൂപന്‍ ... Designed for Video Games
Download Christmas photos, Public Liability Insurance, Premium Themes