skip to main | skip to sidebar

.. അരൂപന്‍ ..

ഒന്നിനെക്കുറിച്ചും ഒരു രൂപവുമില്ല, എന്നാലും...

Pages

  • Home

Thursday, July 12, 2012

പട്ടിയെ കുളിപ്പിക്കാന്‍ പല വഴികള്‍.....


(നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌ : ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല, തികച്ചും യാഥാര്‍ഥ്യമാണ്.  അഥവാ ആര്‍ക്കെങ്കിലും മറിച്ചുതോന്നുന്നുവെങ്കില്‍ അത് അവരുടെ തെറ്റിദ്ധാരണ മാത്രമാണ്)
 Courtesy to :  http://www.desktop-wallpapers.org
 
കുളി - ദിവസം രണ്ടു തവണ കേരളീയര്‍ക്കും, ഒരു തവണ തമിഴന്‍മാര്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ ഒക്കെ ഉത്തരേന്ത്യര്‍ക്കും ഒഴിവാക്കാനാവാത്ത ഒന്നാണ്. (ഇതൊക്കെ കേട്ടുകേള്‍വിയാണേ, ദിവസവും കുളിക്കാത്ത മലയാളികളും ദിവസവും കുളിക്കുന്ന നോര്‍ത്തന്‍മാരും ഒക്കെയുണ്ടാവാം. അതുകൊണ്ട് ആരും കൊടുവാള്‍ എടുക്കരുത്).  ദിവസം ഒരിക്കലെങ്കിലും കുളിക്കാന്‍ മടി കാണിക്കുന്നവരെ നമുക്ക് കുളിമടിയന്‍മാര്‍ എന്ന് വിളിക്കാം.

കുളി പലതരമുണ്ട് – ഇത്തിരി വെള്ളത്തില്‍ നനഞ്ഞുകേറുന്ന കാക്കക്കുളി, ഒത്തിരി വെള്ളത്തിലെ മുങ്ങിക്കുളി, പിന്നെ അവസരവാദിക്കുളികള്‍, അതായത് പുലകുളി, കര്‍ക്കിടകക്കുളി, മാസക്കുളി....  കുളിക്കാന്‍ മടി കാണിക്കുന്ന കുട്ടികളാണെങ്കില്‍ തൊട്ടിക്കണക്കിന് വെള്ളംകോരി തലവഴി ഒഴിക്കാം. കിണറ്റിന്‍കരയില്‍ കെട്ടിയിട്ട് കുളിപ്പിക്കാം, കുളിപ്പിക്കുന്ന ആള്‍ക്കും ഒരു കുളി ബോണസ്.

എന്നാല്‍ കുളിക്കാന്‍ മടി കാണിക്കുന്ന പട്ടിക്കുട്ടികള്‍ ആണെങ്കിലോ? കുളിപ്പിക്കാനാണെന്ന് കണ്ടാല്‍ അടുത്ത പുരയിടത്തില്‍ പോയി നില്‍ക്കുന്ന കുളിമടിയന്‍ കുട്ടികള്‍? ചിലരൊക്കെ കൂട്ടില്‍ കയറ്റി കമ്പിയഴികള്‍ക്കിടയിലൂടെ ഹോസില്‍ വെള്ളം ചീറ്റി നനയ്ക്കും ആ വിരുതന്മാരെ. നനഞ്ഞുകുഴഞ്ഞുകഴിഞ്ഞാല്‍ പിന്നെ എന്തും വരട്ടേന്നു കരുതി സോപ്പ്‌ തേയ്ക്കാന്‍ അവര്‍ നിന്നുകൊടുക്കും.  ആകെ മുങ്ങിയാല്‍ നമുക്ക് മാത്രമല്ല അവര്‍ക്കും കുളിര് കാണില്ലെന്നേ...

പിന്നെ ചിലരുണ്ട്, കൂടൊന്നുമില്ലാത്തവര്‍.  അവരെ മഴപെയ്യുന്ന നേരം തുടലില്‍ മുറ്റത്തിറക്കി കെട്ടും. കുറെ കരച്ചിലും പല്ലുകടിയും ഓരിയിടലും ഒക്കെയുണ്ടായെന്നുവരും, എന്നാലും നനഞ്ഞല്ലാതെ വേറെ നിവൃത്തിയില്ലല്ലോ.

ഇനിയും ചിലരുണ്ട്, അതിബുദ്ധിമാന്മാര്‍.  അവരുടെ അടുത്ത് ഇതൊന്നും നടക്കില്ല.  എന്‍റെ അടുത്ത വീട്ടിലെ ബാവാക്കാടെ സുന്ദരന്‍ പട്ടി അതിലൊരാളാണ്.  ബാവാക്കാ വെറുതെ അവനൊരു പേരിട്ടതല്ല, സുന്ദരന്‍ പേര് പോലെതന്നെ സുന്ദരനാണ്, തികഞ്ഞ യജമാനഭക്തിയും സ്നേഹവുമുള്ളവന്‍.  എന്നാല്‍ മേല്‍പ്പറഞ്ഞ കുളിമടിയന്മാരില്‍ പ്രമുഖനും.  പഠിച്ച പണി പതിനെട്ടല്ല, ഇരുപത്തെട്ടും നോക്കിയിട്ടും നമ്മുടെ സുന്ദരനെ കുളിപ്പിക്കാന്‍ ബാവാക്കായെക്കൊണ്ട് സാധിച്ചില്ല.

ഇളംവെയിലുള്ള വൈകുന്നേരങ്ങളില്‍ തോര്‍ത്തും സോപ്പും ഒക്കെയായി ബാവാക്കാ അടുത്തുള്ള ആറ്റില്‍  കുളിക്കാന്‍ പോകും. യജമാനന്‍റെ പിന്നാലെ സുന്ദരനും പോകും, കുളി കഴിയുന്നതുവരെ കരയില്‍ കിടന്നു വെയില്‍കായും.  എത്രയൊക്കെ ശ്രമിച്ചിട്ടും സുന്ദരനെ വെള്ളത്തിലിറക്കാനോ, കുളിപ്പിച്ച് കൂടുതല്‍ സുന്ദരനാക്കാനോ ബാവാക്കായെക്കൊണ്ട് കഴിഞ്ഞില്ല.  സാമം, ദാനം, ഭേദം, ദണ്ഡമെല്ലാം കഴിഞ്ഞു, പക്ഷെ നോ രക്ഷ.  ഒടുവില്‍ ബാവാക്കാ ഒരു സൂത്രം കണ്ടുപിടിച്ചു.

ഒരു ദിവസം കുളിക്കാന്‍ ആറ്റിലിറങ്ങി മുങ്ങിയ ബാവാക്കാ പൊന്തിവന്നില്ല.  സുന്ദരന്‍ കരയില്‍ കാത്തിരുന്നു.  മുങ്ങിയ യജമാനനെ കാണാനില്ല.  ആദ്യം സുന്ദരന്‍ ഒന്നുരണ്ടുതവണ കുരച്ചു, ബാവാക്കാ ശ്വാസം പിടിച്ചുകിടന്നു.  സുന്ദരന് ടെന്‍ഷനായി.  അവന്‍ എണീറ്റുനിന്ന് വെള്ളത്തിലേയ്ക്ക് നോക്കി ഓരിയിട്ടു, കരഞ്ഞു.... ആളെ കാണുന്നില്ല.  തന്‍റെ ദൈവതുല്യനായ യജമാനന് എന്തോ ആപത്ത് പിണഞ്ഞെന്ന് അവനുറപ്പിച്ചു. പിന്നെ സംശയിച്ചില്ല, യജമാനനെ രക്ഷിക്കാന്‍ അവന്‍ ആറ്റിലേയ്ക്ക് എടുത്തു ചാടി.

പിടിച്ച ശ്വാസംവിട്ട് ബാവാക്കാ പൊന്തി.  സുന്ദരന് ആശ്വാസമായി.  തന്‍റെ യജമാനന് ഒരു കുഴപ്പവുമില്ല.  അവന്‍ അദ്ദേഹത്തിന്‍റെ അടുത്തെത്തി.  ങ്ങുര്‍...ങ്ങുര്‍...ന്ന് പരാതി പറഞ്ഞു, അവനെ പേടിപ്പിച്ചതിന്.  പിന്നെ ആ ആശ്വാസത്തില്‍ സോപ്പ്‌ തേയ്ക്കാനും കുളിപ്പിക്കാനും ഒക്കെ നിന്നുകൊടുത്തു.

ബാവാക്കാ ഇതൊരു തക്കമായി കണ്ടു, ഇടയ്ക്കിടെ ബാവാക്കാ ഇങ്ങനെ വെള്ളത്തില്‍ മുങ്ങിക്കിടക്കും, അന്നൊക്കെ സുന്ദരന്‍ സോപ്പുതേച്ചുകുളിച്ച് കൂടുതല്‍ സുന്ദരനാകും.  കുളിപ്പിക്കാന്‍ വേണ്ടി തന്നെ പറ്റിക്കുകയാണെന്ന് തോന്നിയാലും സുന്ദരന് ഏറെനേരം കാത്തിരിക്കാന്‍ വയ്യ, ബാവാക്കാ ആണെങ്കില്‍ ഏറെനേരം ശ്വാസമടക്കി മുങ്ങിക്കിടക്കാന്‍ വിദഗ്ദ്ധനും. അങ്ങനെ കുറെ നാള്‍ കഴിഞ്ഞു. 

ഒടുവില്‍ ബുദ്ധിമാന്‍ സുന്ദരന്‍ ഒരുപാട് ആലോചിച്ചാവണം ഒരു തീരുമാനത്തിലെത്തി....

ഇപ്പോള്‍ ബാവാക്കാ കുളിക്കാന്‍ പോകുമ്പോള്‍ എത്ര വിളിച്ചാലും സുന്ദരന്‍ കൂട്ട് പോവാറില്ല....!!!

ഡിസ്ക്ലെയിമര്‍ : ഏതെങ്കിലും കുളിമടിയന്‍ പട്ടിക്കുട്ടികളുടെ യജമാനന്മാര്‍ ബാവാക്കായുടെ തിയറി പരീക്ഷിക്കാന്‍ ശ്രമിച്ച് ശ്വാസംമുട്ടി മരിച്ചുപോയാല്‍ അവരുടെ മരണത്തില്‍ അരൂപന് കയ്യോ കാലോ പോയിട്ട് രോമം പോലും ഉണ്ടായിരിക്കുന്നതല്ല.
15 comments Email This BlogThis! Share to X Share to Facebook
Labels: എന്തരോ...എന്തോ
Newer Posts Older Posts Home

Blog Archive

  • ▼  2012 (6)
    • ▼  July (1)
      • പട്ടിയെ കുളിപ്പിക്കാന്‍ പല വഴികള്‍.....
    • ►  June (1)
    • ►  April (4)
Powered by Blogger.

About Me

My photo
.. അരൂപന്‍ ..
View my complete profile

Labels

  • എന്തരോ...എന്തോ (1)
  • തലതിരിഞ്ഞ ചിന്തകള്‍ (4)
  • നര്‍മ്മം (2)
  • പ്രതികരണം (1)

Followers

Total Pageviews

ജാലകം
 
Copyright (c) 2010 .. അരൂപന്‍ ... Designed for Video Games
Download Christmas photos, Public Liability Insurance, Premium Themes