
Courtesy to : imaginesharrystyles.tumblr.com
ഒരു വിരലില്‍ എന്തിരിക്കുന്നു എന്നാണോ?
ഒരു വിരലില്‍ പലതുമുണ്ട്.
അത് വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും അറിയാം...
എന്നാല്‍ വിരലും ഭാഷയും തമ്മില്‍ എന്ത് ബന്ധം?
പലതുമുണ്ട്.
നമ്മുടെയൊക്കെ കയ്യില്‍ സാധാരണ അഞ്ചുവിരലുകളാണ് ഉണ്ടാവുക. തല്ക്കാലം നമുക്ക് വലതുകയ്യിലെ വിരലുകള്‍ എടുക്കാം.
തള്ളവിരല്‍ അഥവാ പെരുവിരല്‍.
മറ്റു വിരലുകള്‍ എല്ലാം മടക്കി ഇത് മാത്രമായി ഉയര്‍ത്തി കാണിച്ചാല്‍ വെല്‍ ഡണ്‍, ഗുഡ് ലക്ക്, ഡീല്‍ എന്നൊക്കെയാണ് അര്‍ത്ഥം. ഇത് താഴ്ത്തി കാണിച്ചാല്‍ നോ ഡീല്‍ എന്നൊരു മീനിംഗ് കൊണ്ടുവന്നത് ഡീല്‍ യാ നോ ഡീല്‍ എന്നതിലൂടെ നടന് മാധവനാണ്.
ഇനി ചൂണ്ടുവിരല്‍. ചൂണ്ടാന്‍ ഉപയോഗിക്കുന്നു, എന്നാല്‍ ഒറ്റയ്ക്ക് ഉയര്‍ത്തി കാണിച്ചാല്‍ അതൊരു വാണിംഗ് ആയി, ഊന്നിപ്പറയല്‍ ആയി.
അടുത്തത് നടുവിരല്‍. ഇത് മാത്രമായി ഉയര്‍ത്തി കാണിച്ചാല്‍.... അതിന്റെ അര്‍ത്ഥം മിക്കവര്‍ക്കും അറിയുന്നതുകൊണ്ട് ഇവിടെ എഴുതുന്നില്ല.
(ഹും! അതിനി ഞാനിവിടെ എഴുതീട്ട് വേണം.... ന്നോടാ കളി...!?)
ആ, അത് പോട്ടെ, അവസാനവിരല്, അഥവാ ചെറുവിരല്‍. അതുയര്‍ത്തി കാണിച്ചാല്‍ ഒരു നിമിഷം, അല്ലെങ്കില്‍ അതിനേക്കാള്‍ ഞാനൊന്ന് ഒന്നിന് പോയി വരട്ടെ എന്നാവും. ഇതൊക്കെ കേരളത്തില്‍ തെക്കെന്നോ വടക്കെന്നോ ഇല്ലാതെ പ്രചാരത്തില്‍ ഇരിക്കുന്ന ആംഗ്യഭാഷയാണ് എന്ന് പറയാം.
എന്നാല്‍ ഇതിനിടയില്‍ ഒരാളെ വിട്ടുപോയി, നാലാംവിരല്‍ - അണിവിരല്‍, മോതിരവിരല്‍ എന്നൊക്കെ അറിയപ്പെടുന്ന ആ പാവത്താനെ. അല്ല, കുറെ മടക്കീം നിവര്‍ത്തീം താഴ്ത്തീം നോക്കിയിട്ടും ആശാന് മാത്രം വെറും വിരലായി തന്നെയിരിക്കുന്നു. ഒരര്‍ഥവും ഇല്ലാതെ. എന്തായിരിക്കും കാരണം?
വിരലുകളില്‍ ഏറ്റവും ലാസ്യഭാവം ഉള്ളതായതുകൊണ്ടാവുമോ?
വിവാഹവേളയില്‍ മോതിരം അണിയിക്കാന്‍ ഉപയോഗിക്കുന്നതുകൊണ്ടാവുമോ?
അതോ ആള് ഒരു നാലാംകിട....
അധികം ചിന്തിക്കാതെ ഉത്തരം കിട്ടി.
നിങ്ങള്‍ക്ക് കിട്ടിയോ?
കിട്ടും....ട്ടും....ട്ടും.... ആലോചിച്ചുനോക്ക്.
അല്ലെങ്കില്‍ വേണ്ട, ഞാന്‍ തന്നെ പറയാം.
അഞ്ചില്‍ ആ ഒരു വിരലൊഴിച്ച് ബാക്കി എല്ലാ വിരലും ഈസിയായി ഒറ്റയ്ക്ക് നിവര്‍ത്താം, മറ്റെല്ലാം മടക്കിയാലും. എന്നാല്‍ ആ നാലാംവിരല്‍ മാത്രമായി നിവര്‍ത്തി നിര്‍ത്തണമെങ്കില്‍.... ഒരു സെക്കന്റില്‍ കാര്യം പറയേണ്ടിടത്ത് അത് നിവര്‍ത്തി നിര്‍ത്താന്‍തന്നെ വേണം മിനിമം മൂന്നുസെക്കന്റ്. എന്താന്നുവച്ചാല് അതങ്ങനെ തനിയെ നിവര്‍ന്നു നില്‍ക്കയൊന്നുമില്ല, അതിന് അയല്‍ക്കാരുടെ കൂടി സഹായം വേണ്ടിവരും. അതാ ആ വിരല്‍കൊണ്ട് ആംഗ്യഭാഷയില്‍ ഒരു മീനിങ്ങും ഇല്ലാത്തത്. എന്താ ശരിയല്ലേ?
മുന്‍കൂര്‍ജാമ്യം : ഇനി ആരുടെയെങ്കിലും നാലാംവിരല്‍ പരസഹായമില്ലാതെ ഭംഗിയായി നിവര്ന്നുനില്ക്കുന്നുന്ടെങ്കില് ....
സൂക്ഷിക്കുക, നിങ്ങള്‍ക്ക് എന്തോ മാനുഫാക്ചറിംഗ് ഡിഫക്റ്റുണ്ട്.